NRI
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ (ഓപ്പറേഷൻ എപ്പിക് ഫ്യൂറി) രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടിയിലെ സ്ക്വാഡ് അംഗങ്ങൾ രംഗത്തെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധവും വിനാശകരവുമാണെന്ന് ഇവർ ആരോപിച്ചു.
ട്രംപ് ആരംഭിച്ചിരിക്കുന്നത് നിയമവിരുദ്ധമായ ഒരു ഭരണമാറ്റ യുദ്ധമാണെന്ന് ഇൽഹാൻ ഒമർ എക്സിൽ കുറിച്ചു. നയതന്ത്രം ഉപേക്ഷിക്കുന്നത് നാശത്തിലേക്കേ നയിക്കൂ എന്നും സൈനിക നീക്കം മേഖലയെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിയിടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സൈനികരുടെ ജീവനോ ജനങ്ങളുടെ താൽപര്യത്തിനോ ട്രംപ് വിലകല്പിക്കുന്നില്ലെന്ന് റാഷിദ ത്ലൈബ് കുറ്റപ്പെടുത്തി. ഇറാൻ ജനതയെ സഹായിക്കാനെന്ന പേരിൽ ട്രംപ് നുണ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
അലക്സാണ്ട്രിയ ഒകാസിയോ കോർട്ടസ് (AOC): യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴാണ് ട്രംപ് ആക്രമണത്തിന് മുതിർന്നതെന്ന് AOC ആരോപിച്ചു. ഈ നീക്കം അനാവശ്യവും ദുരന്തപൂർണവുമാണെന്ന് അവർ വിശേഷിപ്പിച്ചു.
അതേസമയം, ഇറാന്റെ ഭീഷണിയിൽ നിന്ന് അമേരിക്കയെ രക്ഷിക്കാനുള്ള ഉദാത്തമായ ദൗത്യമാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ജനതയോട് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു" എന്നാണ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, ഇറാന്റെ അതീവ രഹസ്യവിവരങ്ങൾ ഇസ്രയേൽ എങ്ങനെ ചോർത്തുന്നു എന്നതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.
ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ആണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനുള്ളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് വൻതോതിൽ കടന്നുകയറ്റം നടത്തിയെന്നാണ് നെജാദിന്റെ ആരോപണം.
ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദ് ഏജന്റുമാരെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക വിഭാഗത്തിന്റെ തലവൻ തന്നെ ഇസ്രയേലിന്റെ ചാരനായിരുന്നു. ഇറാന്റെ ആണവ പദ്ധതികൾ, സൈനിക നീക്കങ്ങൾ, ഉന്നതതല നയരൂപീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകൾ ഈ ശൃംഖല വഴി ഇസ്രയേലിനു കൈമാറിയതായും മുൻ പ്രസിഡന്റ് പറയുന്നു.
മൊസാദ് വിരുദ്ധ വിഭാഗത്തിലെ ഇരുപതോളം ഉദ്യോഗസ്ഥർ ഇസ്രയേലിനായി പ്രവർത്തിച്ചിരുന്നു. 2018ൽ ഇറാന്റെ ആണവ രേഖകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽനിന്ന് ആയിരക്കണക്കിനു ഫയലുകൾ മൊസാദ് മോഷ്ടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
അന്ന് ഇറാൻ നിഷേധിച്ചെങ്കിലും രാജ്യത്തിനുള്ളിലെ ചാരശൃംഖലയുടെ സഹായമില്ലാതെ ഇത്തരമൊരു നീക്കം അസാധ്യമാണെന്നാണു വിലയിരുത്തൽ. ആഭ്യന്തര സുരക്ഷാവീഴ്ചകൾ പരിഹരിക്കുക എന്നത് ഇപ്പോൾ ഇറാനു മുന്നിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
International
മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.
ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.
ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.
ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.
International
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. അബുദാബിയിൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. രണ്ട് മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലും യുഎഇയിലും കുവൈറ്റിലും യുഎസ് സേനാ കേന്ദ്രങ്ങൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് നേവി താവളം സ്ഥിതിചെയ്യുന്ന ബഹ്റൈനിലെ ജുഫൈറിലും ശക്തമായ ആക്രമണമുണ്ടായി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായി. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
International
ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് മേൽ നടന്ന യുഎസ് ആക്രമണം അവയെ തകർത്തിട്ടില്ലെന്നും ആണവപദ്ധതിയെ ഏതാനും മാസങ്ങൾ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്തതെന്നും പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറത്തുവന്നു.
ആദ്യമിറങ്ങിയ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ വിലയിരുത്തൽ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്നു. ആക്രമണം ഇറാന്റെ ആണവപദ്ധതിയെ തകർത്തുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.
എന്നാൽ ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും അതിനോടു യോജിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സിഎൻഎന്നിനോട് പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണ്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത് ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്രമണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതിനാല് ബോംബുകൾ വർഷിച്ചാൽ സന്പൂർണനാശമാണുണ്ടാകുകയെന്ന് എല്ലാവർക്കുമറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികാക്രമണമാണ് യുഎസ് നടത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.